"ശിവാനീ, ശേ അല്ല, അച്ഛാ .." എന്തോ അത്യാവശ്യമായിട്ട് പറയാൻ വരുവായിരുന്നു..
"എന്തുവാ"
"അറിയാതെ അച്ഛനെ ശിവാനി എന്നു വിളിച്ചു"
ശിവാനി ചക്കിയുടെ ബെസ്റ് ഫ്രണ്ട് ആണ്. ഒൻപതു വർഷത്തെ ജീവിതത്തിൽ, അഞ്ചു വര്ഷം. ഇപ്പൊ ഒരു ഡിവിഷനിൽ അല്ല, എന്നാലും ഒരുമിച്ചാണ് കളിക്കാറ്. ചിലപ്പോൾ വിചാരിച്ചിട്ടുണ്ട് ഈ ഫ്രണ്ട്ഷിപ് വലുതാവുമ്പൊഴും കാണുമോ എന്ന്. പക്ഷെ LKG തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നത് കണ്ട് അദ്‌ഭുതപ്പെട്ടിട്ടുണ്ട്.
"നീ ശിവാനിയെ അച്ഛാ എന്ന് വിളിക്കാറുണ്ടോ"
"ഇല്ല. ഞാൻ അച്ഛനെ കാണുന്നതിലും കൂടുതൽ ശിവാനിയെ കാണാറുണ്ട്."
ഈ ഇടയായി ഞാനും ചക്കിയും രാവിലെ എണീക്കുന്നതു ഒരേ സമയത്താണ്. ഞാൻ പതുക്കെ അനങ്ങിവന്നു, പത്രമൊക്കെ വായിച്ചു വരുമ്പോഴേക്കും, ചക്കി സ്കൂളിൽ പോയി കഴിയും, വൈകിട്ട് ചക്കിയുടെ ഹോംവർക്കും എന്റെ കോൺഫറൻസ് കാൾസും, മിക്കവാറും ചക്കി ഉറങ്ങിയിട്ടാണ് ഞാൻ കിടക്കാറ്. ഉറങ്ങി കഴിഞ്ഞിട്ട് കൊടുക്കുന്ന ഗുഡ് നൈറ്റ് കിസ്സ് ആരറിയാൻ.
"പക്ഷെ ശിവാനിയെ അമ്മേ എന്ന് വിളിച്ചിട്ടുണ്ട്"
അമ്മക്ക് സന്തോഷമായിക്കാണും. ചോദിക്കണ്ടായിരുന്നു.