രജത ജൂബിലി
ഇന്ന് എന്റെ സ്കൂൾ ബാച്ചിന്റെ രജതജൂബിലി യോഗത്തിനു പോയി. മുൻപൊരു പോസ്റ്റിൽ പറഞ്ഞ ഭാസിയും, കോൺഗ്രസ് നേതാവും, ബിജെപി സ്ഥാനാർത്ഥിയും ഒക്കെ ഉണ്ടായിരുന്നു. എന്റെ കുറച്ചു ടീച്ചർമാർ ഇപ്പോൾ ജീവചിച്ചിരിപ്പില്ല, എന്റെ ഫേവറിറ്റ് ടീച്ചർ ആയിരുന്ന ഓമനക്കുട്ടി ടീച്ചറും, ക്ലാസ് ടീച്ചർ ആയിരുന്ന അഹമ്മദ് കണ്ണ് സാറും ഒക്കെ. മൂന്നു നാലു പേരെ കണ്ടു - എനിക്കവരെ മനസിലായില്ലെങ്കിലോ എന്ന് വച്ച് അനിയത്തിയെ ഒരു ധൈര്യത്തിന് കൊണ്ട് പോയി. ആരെങ്കിലും എന്നോട് അറിയുമോ എന്ന് ചോദിച്ചാൽ, ഞാൻ ചിലപ്പോ ഇല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു കളയും എന്നാ അവളുടെ പരാതി. അത് കൊണ്ട് അങ്ങനത്തെ ചോദ്യങ്ങളെ "പിന്നെ മനസ്സിലാവാതിരിക്കുമോ?" എന്ന മറു ചോദ്യം കൊണ്ട് നേരിടണമെന്നും,ഇനി എങ്ങാനും "എന്നാൽ പറ, എന്റെ പേരെന്താ?" എന്ന് ചോദിച്ചാൽ, "മുഖം മറക്കാൻ പറ്റില്ല, പക്ഷെ പേര് ഓർമയിൽ വരുന്നില്ല" എന്നും പറയണം എന്ന് പഠിപ്പിച്ചിട്ടാ പോയത്. ആ സാഹചര്യങ്ങളൊക്കെ അങ്ങനെ തന്നെ വന്നു ഭവിക്കുകയും ചെയ്തു. അവരെ ദൂരെ നിന്ന് തന്നെ കണ്ട് അനിയത്തി പറഞ്ഞു തന്നു ആര് ആരാണെന്നു. എല്ലാവർക്കും വളരെ സന്തോഷമായി. വിജയലക്ഷ്മി ടീച്ചർ യോഗത്...