മലയാളമെഴുത്ത്


ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തില്‍ കൂടുതലാകുന്നു. (ഒരു വ്യാഴവട്ടം ആയി എന്ന് പറയാമായിരുന്നു). ഇപ്പൊ എന്തേ മലയാളത്തില്‍ എഴുതാനുള്ള പൂതി എന്ന് ഞാനും ആലോചിക്കാതിരുന്നില്ല. എന്തോ, വേരുകളിലെക്കുള്ള ഒരു മടങ്ങി പോക്ക് പോലെ.

കോളേജില്‍ വച്ച് ഇംഗ്ലീഷ് പള്‍പ്പ് ഫിക്ക്ഷന്‍ ആണ് വായിക്കുന്നത് എന്ന് പറഞ്ഞപ്പോ, ഒരു തനി നാടന്‍ മലയാളി കളിയാക്കിയത് ഓര്‍മ ഉണ്ട്. അന്നൊന്നും തിരിച്ച് പറഞ്ഞില്ല. പിന്നിങ്ങോട്ട് 10-15 കൊല്ലവും ഇംഗ്ലീഷ് തന്നെയായിരുന്നു വായന. കുറച്ചു മനപൂര്‍വവും, കുറച്ചു അല്ലാതെയും. 10 വര്‍ഷത്തോളം കേരളത്തിന്‌ പുറത്തായിരുന്നു, ഫിക്ക്ഷന്‍ ഏറെക്കുറെ നിര്‍ത്തി നോണ്‍ ഫിക്ക്ഷനിലേക്ക് കേറി. ഫിക്ക്ഷനില്‍ വേസ്റ്റ് ചെയ്യാന്‍ സമയമില്ല എന്നതായിരുന്നു ന്യായം. അങ്ങനെ വേസ്റ്റ് ചെയ്യാതെ മിച്ചം പിടിച്ച സമയം കൊണ്ടോ, വായിച്ച നോണ്‍ ഫിക്ക്ഷനില്‍ നിന്നുള്ള അറിവ് കൊണ്ടോ എന്തെങ്കിലും ചെയ്തു എന്നല്ല, എങ്കിലും.

ഞാന്‍ മലയാളം മീഡിയം ആണ് പഠിച്ചത്, പത്തു വരെ, സര്‍ക്കാര്‍ സ്കൂളില്‍. തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറിയുടെ മലയാളം സെക്ഷന്‍ ഒരു വിധം തൂത്ത് തുടച്ചു. ചുവന്ന ചട്ടയിട്ട, പൊടി പിടിച്ച പുസ്തകങ്ങളും, ഇരുണ്ട ഒഴിഞ്ഞ ആ ഹാളും. അവിടുന്ന് തര്‍ജിമയിലേക്ക് കേറി. കേരളം ആയതു കാരണം, റഷ്യന്‍ പുസ്തകങ്ങളുടെ തര്‍ജിമ ധാരാളം ഉണ്ടായിരുന്നു. അത് വേറെ ഒരു ലോകം തുറന്ന് തന്നു. മലയാളത്തില്‍ പരിചിതമായ ദുരിത കഥകളില്‍ നിന്ന് വേറെ ഒരു ലോകത്തിലേക്ക്. അവരുടെ ദുരിതങ്ങള്‍ പോലും എന്തു കൊണ്ടോ അത്ര വിഷമിപ്പിച്ചില്ല. മലയാളം സെക്ഷന്‍റെ മുന്നേ ആണ് ഇംഗ്ലീഷ്. കുറച്ചു കൂടെ വെളിച്ചമുണ്ട്. കുറച്ചു കൂടെ പുതിയ, കവര്‍ ഉള്ള പുസ്തകങ്ങള്‍. പിന്നെ അങ്ങോട്ടായി. അതും മടുത്തപ്പോ, കൈയിലെ ചുരുക്കം ബാക്കി ഉള്ള കാശുകൊണ്ട് കൊടുത്ത് ഏലൂര്‍ ലൈബ്രറിയില്‍ നിന്ന് പത്തു ശതമാനം വാടകയ്ക്ക് വായിക്കാന്‍ തുടങ്ങി. അങ്ങനെ ഉള്ളകാശിനു ബുക്കും എടുത്തു, ബസ്‌ ടിക്കെറ്റിനു ബാക്കി ഇല്ലാതെ സ്ടാച്യു മുതല്‍ കുമാരപുരത്തെ വീട് വരെ നടന്ന ദിവസങ്ങളും ഉണ്ട്. ഇതിനിടക്ക്‌ അയല്‍വക്കത്തുള്ള രണ്ടു മൂന്ന് ടീച്ചര്‍മാരുടെ കളക്ഷന്‍ മുഴുവന്‍ തീര്‍ത്തു. കൈയില്‍ കിട്ടുന്നതെന്തും.

മലയാളത്തില്‍ നിന്നും പള്‍പ്പിലേക്ക് പോയത് രക്ഷപെടാന്‍ ആകണം. ചിരപരിചിതമായ ജീവിതവും, ആളുകളേയും വിട്ടു പോകാനുള്ള ശ്രമം. അങ്ങനെ പിന്നെ പത്തു വര്‍ഷം പുറത്ത്. ജാഡ എന്ന് തോന്നുമെങ്കിലും, മലയാളത്തില്‍ ആലോചിച്ചു ഇംഗ്ലീഷില്‍ ട്രാന്‍സ്ലേറ്റ് ചെയ്തു സംസാരിച്ചിരുന്ന, ക്യാമ്പസ്‌ ഇന്റര്‍വ്യൂവിനു രണ്ടു മൂന്ന് മാസം മുന്നേ അന്നത്തെ സന്തതസഹചാരിയോട് ഇംഗ്ലീഷ് മടിച്ചു മടിച്ചു പറഞ്ഞു പഠിച്ച ഞാന്‍, എപ്പോഴോ ഏതു ഭാഷയിലാണ് ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം ആലോചിക്കേണ്ട സ്ഥിതിയായി.

പിന്നെപ്പോഴോ നൊസ്റ്റാള്‍ജിയ കേരളത്തിലേക്ക് പിടിച്ചു വലിക്കാന്‍ തുടങ്ങി. മോള്‍ക്ക്‌ മൂന്ന് വയസ്സ് ആയപ്പോ അങ്ങനെ തിരിച്ചു വന്നു. പിന്നെ ഇപ്പൊ അടുത്താണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്‌ - അനിയത്തിയുടെ കളക്ഷനിലൂടെ. ബുക്ക്‌ ഫെസ്ടിവലുകളില്‍ പോകുമ്പോ മലയാളം ഭാഗത്തോട് അടുത്തില്ല – നൂറു കണക്കിന് പുസ്തകങ്ങളില്‍ ഏതാ നല്ലതെന്ന് അറിയാത്തത് കൊണ്ട്. ഇതിനിടക്ക്‌ മലയാളം ബ്ലോഗിലൂടെയും, ഇപ്പൊ ഫേസ്ബുക്കിലും പടര്‍ന്നു പന്തലിച്ചത് ഞാന്‍ കണ്ടില്ല.

ഫേസ്ബുക്കില്‍ നിന്ന് ഒരു പാടു കാലം മാറി നിന്നു, ഒന്നര കൊല്ലം മുന്‍പ് വരെ മൊബൈലില്‍ data connection ഇല്ലായിരുന്നു. അത് കിട്ടിയതും, ഈ സോഷ്യല്‍ മീഡിയയില്‍ കാലു വച്ചതും ഇപ്പൊ ഒരു ദുശകുനം പോലെ തോന്നുന്നു. മനം മടുത്തു ഇടക്കിടക്ക് മാറി നിന്നു. പിന്നെയും തുടങ്ങിയത് ഈ അടുത്ത ഇലക്ഷന്‍ കാലത്താണ്. ഒന്ന് നോക്കിയാല്‍, മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാര്‍ കമ്മ്യൂണിസ്റ്റുകാര്‍ ആണെന്ന് തോന്നും. അതോ നന്നായി എഴുതാന്‍ അറിയുന്ന, നല്ല ക്രിയെടീവ് ആയ ആള്‍ക്കാര്‍, മനുഷ്യനെയും വികാരവിചാരങ്ങളെയും മനസ്സിലാക്കുന്നതു കൊണ്ട് സ്വാഭാവികമായും കമ്മ്യൂണിസ്റ്റ്‌ ആകുന്നതാണോ? ലെഫ്റ്റ് vs റൈറ്റ് എന്നത് അടിസ്ഥാനപരമായി ആള്‍ക്കാര്‍ക്ക് സംഭവിക്കുന്ന ഒന്നാണോ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. അതിനെ പറ്റി പിന്നെ. എന്തായാലും പറഞ്ഞു വന്നത്, ഇലക്ഷന്‍ കുറെ നല്ല എഴുത്തുകാരെ കാണിച്ചു തന്നു. പിന്നെ ഒരാളില്‍ കൂടെ അടുത്ത ആളെ അറിഞ്ഞു കുറെ എഴുത്തുകാരെ ഫോളോ ചെയ്തു, ഫോട്ടോ മാത്രം ഷെയര്‍ ചെയ്യുന്ന ഫ്രണ്ട്സിനെ അണ്‍ഫോളോയും. ഇപ്പൊ എഫ്ബി എന്നു പറയുന്നത് ഒരു ബ്ലോഗ്‌ റീഡര്‍ പോലെ ആയി.

മലയാളികളെ പോലെ ക്രിയെടീവ് ആയ ഒരു കൂട്ടം വേറെ ഉണ്ടോ എന്ന് തന്നെ ഇടയ്ക്കു തോന്നും. അത് ചളു ആയാല്‍ പോലും. മലയാളിയുടെ സ്ഥായീഭാവം ആക്ഷേപഹാസ്യം ആണെന്ന് എവിടെയോ വായിച്ചു. എന്തിനെയും – അത് മതമായാലും, രാഷ്ട്രീയമായാലും. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പോലെ എന്തിനും രണ്ടു പക്ഷത്തു നിന്നും വാദിക്കുന്ന, തുറന്ന മനസ്സും സങ്കുചിത മനസ്സും ഒരേ പോലെ കൊണ്ട് പോകുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. ഭൂമിയുടെ ഏതു കോണിലും എന്നും നടക്കുന്ന എല്ലാ കാര്യത്തിലും അഭിപ്രായമുള്ളവര്‍. അപ്പൊ എഴുത്തിനു പഞ്ഞം ഉണ്ടാവരുതല്ലോ. അങ്ങനെ വായിക്കാന്‍ ഒരുപാട് ചോയ്സ് ആയി. മലയാളികളില്‍ ഞാന്‍ കാണുന്ന IT ആള്‍ക്കാരും, NRIസും അല്ലാതെ, പയ്യന്നൂരിലും, കേരളവര്‍മ്മയിലും, മഹാരാജാസിലും ഒക്കെ നിന്നുള്ള, കുറെ പച്ച മനുഷ്യരും ഉണ്ട് എന്നത് ഒരു കണ്ടുപിടിത്തം തന്നെ ആയിരുന്നു എനിക്ക്. ഇപ്പൊ ഞാന്‍ ഈ കേരളത്തില്‍ പോലും ഒരു പൊട്ടക്കിണറ്റില്‍ കിടക്കുന്ന തവളയെ പോലെ ആണെന്ന് തോന്നുന്നു. അതോ വായിക്കാന്‍ കൊള്ളാവുന്നതെല്ലാം ഇംഗ്ലീഷില്‍ ആണെന്ന് വിചാരിച്ച് ഞാന്‍ എന്റെ ചുറ്റും ഉള്ളവരെ താഴ്ത്തി കണ്ടതാണോ.


അങ്ങനെ ചിലതൊക്കെ വായിച്ച്, ചിലരുടെ പ്രതിഭയില്‍ അത്ഭുദം തോന്നി, പിന്നെയും മലയാളത്തില്‍ ഒന്ന് എഴുതി നോക്കിയാലോ എന്ന് തോന്നി. മലയാളം ഫോണ്ടും ഓണ്‍ലൈന്‍ എഴുത്തിന്റെ ടൂള്‍സും പരിചിതമായതും ഈ അടുത്താണ്. അങ്ങനെ, ആരും വായിക്കാനല്ലെങ്കിലും, മനസ്സമാധാനത്തിനായി എഴുതുന്ന ഞാന്‍, മലയാളത്തിലും ഒരു കൈ നോക്കുന്നു. 

the way music used to make me feel

I came across this tweet a few days back, which is like one of those we say “Yes!” to, someone had put into words something we are also feel...