രജത ജൂബിലി

ഇന്ന്  എന്റെ സ്കൂൾ ബാച്ചിന്റെ രജതജൂബിലി യോഗത്തിനു പോയി. മുൻപൊരു പോസ്റ്റിൽ പറഞ്ഞ ഭാസിയും, കോൺഗ്രസ് നേതാവും, ബിജെപി സ്ഥാനാർത്ഥിയും ഒക്കെ ഉണ്ടായിരുന്നു. എന്റെ കുറച്ചു ടീച്ചർമാർ ഇപ്പോൾ ജീവചിച്ചിരിപ്പില്ല, എന്റെ ഫേവറിറ്റ് ടീച്ചർ ആയിരുന്ന ഓമനക്കുട്ടി ടീച്ചറും, ക്ലാസ് ടീച്ചർ ആയിരുന്ന അഹമ്മദ് കണ്ണ് സാറും ഒക്കെ. മൂന്നു നാലു പേരെ കണ്ടു - എനിക്കവരെ മനസിലായില്ലെങ്കിലോ എന്ന് വച്ച് അനിയത്തിയെ ഒരു ധൈര്യത്തിന് കൊണ്ട് പോയി. ആരെങ്കിലും എന്നോട് അറിയുമോ എന്ന് ചോദിച്ചാൽ, ഞാൻ ചിലപ്പോ ഇല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു കളയും എന്നാ അവളുടെ പരാതി. അത് കൊണ്ട് അങ്ങനത്തെ ചോദ്യങ്ങളെ "പിന്നെ മനസ്സിലാവാതിരിക്കുമോ?" എന്ന മറു ചോദ്യം കൊണ്ട്  നേരിടണമെന്നും,ഇനി എങ്ങാനും "എന്നാൽ  പറ, എന്റെ പേരെന്താ?" എന്ന് ചോദിച്ചാൽ, "മുഖം മറക്കാൻ പറ്റില്ല, പക്ഷെ പേര് ഓർമയിൽ വരുന്നില്ല" എന്നും പറയണം എന്ന് പഠിപ്പിച്ചിട്ടാ  പോയത്. ആ സാഹചര്യങ്ങളൊക്കെ അങ്ങനെ തന്നെ വന്നു ഭവിക്കുകയും ചെയ്തു. അവരെ ദൂരെ നിന്ന് തന്നെ കണ്ട് അനിയത്തി പറഞ്ഞു തന്നു ആര് ആരാണെന്നു. എല്ലാവർക്കും വളരെ സന്തോഷമായി. 

വിജയലക്ഷ്മി ടീച്ചർ യോഗത്തിൽ സംസാരിച്ചു - പഠിപ്പിച്ച പിള്ളേർ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയി തീരുന്നതും, ആ സംതൃപ്തി ഇതിനെ ലോകത്തിലെ ഏറ്റവും നല്ല പ്രൊഫഷൻ ആക്കുന്നതും ഒക്കെ. അച്ഛനും അമ്മയും ഇപ്പോൾ അനിയത്തിയും ടീച്ചേർസ് ആണ്. അത് കൊണ്ട് ജീവിച്ചു പോകാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാണോ ആവോ, ഞാൻ  അതിലോട്ടു പോയില്ല. പക്ഷെ മനുഷ്യരുടെ ജീവിതത്തിന്റെ ദിശയെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ ഇതിനെക്കാളും പറ്റിയ ഒരു ജോലി വേറെ ഉണ്ടാവില്ല.

ഞങ്ങൾ പഠിച്ചപ്പോൾ 160 കുട്ടികൾ ഒരു ബാച്ചിൽ ഉണ്ടായിരുന്നു. ഇപ്പൊ ഹൈസ്കൂൾ (8, 9, 10) ആകെ ചേർത്ത് 40 കുട്ടികളും, ആകെ സ്കൂളിൽ 5-6 ടീച്ചേഴ്‌സും  മാത്രമേ ഉള്ളൂ. ഒരു സാർ ഞങ്ങളോട് സ്കൂളിന് വേണ്ടി ഇനി എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. അത് നിഷ്കാമ കർമ്മമായിരിക്കും, എന്നാലും.

ഫുട്ബോൾ കളിക്കുന്ന പുല്ലുള്ള ഗ്രൗണ്ട് ഇപ്പൊ ഓഡിറ്റോറിയം ആയി. അത്രയും രസിച്ചു ജീവിതത്തിൽ ഇത് വരെ കളിച്ചിട്ടില്ല എന്ന് തോന്നുന്നു. പത്താം ക്ലാസ്സിൽ എന്നും എക്സ്ട്രാ ക്ലാസ് ആണെന്ന് വീട്ടിൽ പറഞ്ഞായിരുന്നു അവിടെ കളിച്ചിരുന്നതെങ്കിലും. ഞാനിരുന്നു പഠിച്ച ക്ലാസ്സുകൾ കണ്ടു. ആദ്യമായി ഞാൻ കമ്പ്യൂട്ടർ കണ്ട ലാബും.

ഭാസിയുമായി സെൽഫി എടുത്തു. എന്റെ കൂടെ നേഴ്സറി മുതൽ പഠിച്ച രണ്ടു പേരെയും കണ്ടു. ഭാസിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിച്ച സാറിനോടും സംസാരിച്ചു. പണ്ട് ഇതേ സ്കൂളിൽ പഠിച്ച, കണ്ണ് സാറിന്റെ ഒരു സ്റ്റുഡന്റ് ആയിരുന്നു ഒരു മുഖ്യാതിഥി - ഇപ്പൊ സ്ഥലം MLA ആണ്. ഇനിയും ആരെങ്കിലും ആയിക്കൂടെന്നില്ല - പഴയ കുറച്ചു ക്ലാസ്സ്‌മേറ്റ്സിൽ അങ്ങനെ കുറച്ചു പേരെ കണ്ടു. ഇനി എങ്കിലും സ്കൂളിന് വേണ്ടി എന്തെങ്കിലും ചെയ്യാമെന്നും, ഇപ്പോൾ വീണ്ടെടുത്ത ഈ കൂട്ടായ്മ ഇനിയും തുടരുമെന്നും പറഞ്ഞു പിരിഞ്ഞു. 

No comments:

Post a Comment

goldenrod

I had attempted a word puzzle (Strands) last night before sleeping. Clue was “Sun Shade” and first word at random that I got was Lemon. I th...