കമ്മ്യൂണിസ്റ്റ്

ഇന്ന് ഉച്ചക്ക് ലഞ്ചിന്‌ ഒരു സുഹൃത്ത് അയാളുടെ ഒരു കമ്മ്യൂണിസ്റ്റ്കാരൻ സുഹൃത്തിനെ കുറിച്ച് പറഞ്ഞു. നന്നായി വായിച്ചിട്ടുള്ള, പല വിഷയങ്ങളെയും കുറിച്ചും കമ്മൂണിസം, കേരള ചരിത്രം, ഇന്ത്യൻ ചരിത്രം ഉൾപ്പെടെ ആധികാരികമായി സംസാരിക്കാൻ പറ്റുന്ന ഒരാൾ. അവരിപ്പോ വീക്കെൻഡിൽ കുറച്ചു സ്ഥലത്തു കൃഷി തുടങ്ങി, IT ഇൽ നിന്നുള്ള ഒരു തിരിച്ചുപോക്ക്. നല്ല ഒരു കമ്മ്യൂണിസ്റ്റ് ആവാൻ ആദ്യം നല്ല ഒരു മനുഷ്യനാവണമെന്നു കേട്ടിട്ടുണ്ട്. കേട്ടിടത്തോളം അങ്ങനത്തെ ഒരു നല്ല മനുഷ്യൻ. ഇപ്പൊ അത്തരം ആൾക്കാർ കുറവാണെന്ന് തോന്നുന്നു.

ഞാൻ സ്കൂളിൽ പഠിക്കുമ്പോ ഒരിക്കലേ സ്കൂൾ രാഷ്ട്രീയത്തിൽ അത്ര ബോധമില്ലാതെ പോലും ഇടപെട്ടിട്ടുള്ളൂ. ഞങ്ങൾ പത്തിലായിരുന്നപ്പോ  കുറെ ദിവസങ്ങൾ സ്ട്രൈക്ക് കാരണം നഷ്ടപ്പെട്ടു. SFI ലെ ഭാസി ആയിരുന്നു മിക്കപ്പോഴും സമരനായകൻ. അങ്ങനെ അടുപ്പിച്ചു കുറച്ചു ദിവസം ആയി, ഒരു ദിവസം സമരം കഴിഞ്ഞു എല്ലാവരും അവധി ആഘോഷിക്കാൻ ഗ്രൗണ്ടിലേക്ക് പോയപ്പോ, ഞങ്ങളുടെ ക്ലാസ് പിന്നെയും തുറന്ന് ഓമനക്കുട്ടി ടീച്ചർ ഞങ്ങൾ കുറച്ചു പേരെ പഠിപ്പിക്കാൻ തുടങ്ങി. ഇതെങ്ങനെയോ അറിഞ്ഞു ഭാസിയും കൂട്ടരും തിരിച്ചു വന്ന് പിന്നെയും പൂട്ടിച്ചു. അന്ന് ഞാൻ കരഞ്ഞത് ഓർമയുണ്ട്.

അപ്രാവശ്യത്തെ സ്കൂൾ ഇലെക്ഷന് ഭാസി ആയിരുന്നു SFI യുടെ സ്കൂൾ ലീഡർ സ്ഥാനാർഥി. ഒരു ദിവസം PT സാറും വേറൊരു സാറും കൂടെ എന്നെയും കിരണിനെയും വിളിച്ചിട്ട്, കിരണിനെ സ്ഥാനാത്ഥി ആയി നോമിനേറ്റ് ചെയ്യാൻ ഉപദേശിച്ചു. ഞങ്ങളോട് പറഞ്ഞത് ഭാസിയും കൂട്ടരും ജയിച്ചാൽ ഇനിയും സമരവും ഒക്കെ ആയി ഇങ്ങനെ തന്നെ പോകും, അത് മാറ്റണം. അതിൽ കൂടുതൽ ഒന്നും അതിൽ ഞങ്ങൾ കണ്ടില്ല, ചിലപ്പോൾ അതിൽ രാഷ്ട്രീയം ഉണ്ടായിരുന്നിരിക്കാം. അങ്ങനെ ആദ്യമായി ഞാൻ ഒരാൾക്ക് വേണ്ടി  വോട്ട് പിടിക്കാൻ ഇറങ്ങി. എല്ലാവരോടും സംസാരിച്ചു, സമരം കാരണം ക്ലാസ് പോകുന്നതും ഒക്കെ, എല്ലാവരും കിരണിന് വോട്ട് ചെയ്യാമെന്ന് സമ്മതിച്ചു. ഇലെക്ഷൻ ദിവസം ആയി, വോട്ടെണ്ണൽ കഴിഞ്ഞപ്പോ, കിരണിന് നാലു വോട്ട്, ബഹുഭൂരിപക്ഷത്തിന് ഭാസി ജയിച്ചു. ഞാൻ ബാക്കി ക്ലാസ്സിനെ നോക്കി, വോട്ട് ചെയ്യാം എന്ന് പറഞ്ഞ എല്ലാവരും  മുഖത്ത് നോക്കാൻ മടിച്ചിരിക്കുന്നു. അങ്ങനെ ഞാൻ രണ്ടാമതും ഭാസി കാരണം കരഞ്ഞു (കരച്ചിൽ അന്നൊക്കെ ഒരു ഹോബി ആയിരുന്നെന്നു തോന്നും).

ഇക്കഴിഞ്ഞ മാസം ഞങ്ങളുടെ രജത ജൂബിലി ആഘോഷത്തിന്റെ പ്ലാനിങ്ങിനായി സ്കൂളിൽ പോയി. 25 വർഷത്തിന് ശേഷം പലരെയും കണ്ടു. ഒരാൾ വന്നു പറഞ്ഞു, "ഡാ മനസ്സിലായോ. സുനിൽ കുമാർ.. ഭാസി.." അവൻ മിലിട്ടറിയിലാരുന്നു, റിട്ടയർ ചെയ്തു, കുട്ടികൾ KVഇൽ പഠിക്കുന്നു. വേറൊരാൾ, പഴയ KSU നേതാവ് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. രാഹുൽ ഗാന്ധി കല്യാണം കഴിച്ചിട്ടേ അവൻ ആലോചിക്കൂ എന്നാരോ കളിയാക്കുന്നത് കേട്ടു. എന്റെ കൂടെ നഴ്സറി മുതൽ പഠിച്ച ദിവ്യ BJPയുടെ പഞ്ചായത്ത് മെമ്പർ സ്ഥാനാർഥി ആയിരുന്നു. 

No comments:

Post a Comment

goldenrod

I had attempted a word puzzle (Strands) last night before sleeping. Clue was “Sun Shade” and first word at random that I got was Lemon. I th...