വെഡിങ് വൗ


ഇന്നലെ ഒരു ക്രിസ്ത്യൻ കല്യാണത്തിന് പോയി. സാധാരണ എനിക്ക് ക്രിസ്ത്യൻ കല്യാണങ്ങൾ കൂടാൻ കുറച്ചു കൂടെ ഇഷ്ടമാണ് - ഹിന്ദു കല്യാണങ്ങളെ പോലെ കെട്ടു കഴിഞ്ഞാലുടൻ കഴിക്കാനുള്ള ഇടി തുടങ്ങുന്നതിനേക്കാളും ഭേദമായി കുറച്ചു നേരം പാട്ടും സുവിശേഷ പ്രസംഗവും ഒക്കെ ആയുള്ള പള്ളി അന്തരീക്ഷം രസമാണ്.

പക്ഷെ ഇന്നലത്തേതു കുറച്ചു കടന്നു പോയി. പെന്തകോസ്ത് കല്യാണമായിരുന്നു. ഒരു സ്റ്റേജ് നിറയെ ദൈവദാസന്മാർ, എല്ലാവർക്കും എന്തേലും പറയാനുമുണ്ടായിരുന്നു. അവരിൽ ഓരോരുത്തരുടെയും വിശ്വാസത്തിന്റെ ആഴം അപാരമായിരുന്നു. എല്ലാവരും പറയുന്നത് എതാണ്ട് ഒരേ കാര്യമായിരുന്നു, വെവ്വേറെ വാക്കുകളിൽ.

കല്യാണം കഴിഞ്ഞു, പെണ്ണിനേയും ചെക്കനേയും കണ്ടൊന്നു വിഷ് ചെയ്യാൻ ക്യൂ നിന്നു. ക്യൂ ഒരു രീതിയേ അല്ലാ എന്ന മട്ടിൽ കുറേ പേർ തിക്കി തിരക്കുന്നുണ്ടായിരുന്നു.

തിരിച്ചു വീട്ടിലേക്കു വരുന്ന വഴി എന്റെ താടിയെ കുറിച്ചുള്ള ഒരു ഡിസ്കഷൻ വന്നു. ഞാൻ അപ്പൊ കേട്ട ഉപദേശത്തിൽ നിന്നൊരെണ്ണം തട്ടി വിട്ടു.

"ഇപ്പൊ കേട്ടതല്ലേ ഉള്ളൂ, യോജിക്കുന്നതല്ല ബോധിക്കുന്നതിലാണ് കാര്യം. ബാഹ്യ രൂപത്തിൽ കാര്യമില്ല."

"വേറെ കുറേയും കേട്ടായിരുന്നു."

എന്തിനെ കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. പത്തോ ഇരുപതോ പ്രാവശ്യം അതു ആവർത്തിച്ചത് കാരണം, മിസ്സ് ചെയ്യാൻ സാധ്യത ഇല്ല. ഏതാണ്ടിതു പോലെ :

"ഭർത്താവ് ഭാര്യയെ സ്വന്തം ശരീരത്തെ പോലെ സ്നേഹിക്കണം. ഭാര്യ ഭർത്താവിനെ അനുസരിച്ചും, ബഹുമാനിച്ചും, കീഴ്‌പെട്ടു ജീവിക്കണം. ഭാര്യയും ഭർത്താവും യേശുവും സഭയും പോലെ ആയിരിക്കണം. യേശു സഭയെ സ്നേഹിച്ചത് പോലെ ഭർത്താവു ഭാര്യയെ സ്നേഹിക്കണം. സഭ യേശുവിനെ ഭയ ഭക്തി ബഹുമാനത്തോടെ പിന്തുടർന്ന പോലെ ഭാര്യ ഭർത്താവിനു കീഴ്പ്പെട്ടു ജീവിക്കണം. ഭാര്യ ഭർത്താവിനെ കർത്താവിനെ പോലെ കാണണം.

ഭാര്യക്ക് ഭർത്താവിനെ സ്നേഹമില്ല  എന്നല്ല. പലരും സ്നേഹം പ്രകടിപ്പിക്കുന്നത് പല തരത്തിലായിരിക്കും. ചിലർക്ക് സ്നേഹം വാക്കുകളിൽ കൂടെ പ്രകടിപ്പിക്കാൻ പറ്റിയെന്നു വരില്ല - അവർ നല്ല ഭക്ഷണം ഉണ്ടാക്കികൊടുത്തോ, തുണികൾ അലക്കിയോ, നല്ല പ്രവർത്തികളിലൂടെ ആയിരിക്കും സ്നേഹം കാണിക്കുക."

നാലോ അഞ്ചോ പേർ ബൈബിളിന്റെ പല വാചകങ്ങൾ വായിച്ചു  - എന്ത് കൊണ്ടോ എല്ലാം "കീഴ്പെട്ടു ജീവിക്കാൻ" ഉപദേശിക്കുന്നതായിരുന്നു.അത് ഇനി ഇവരുടെ ഇന്റെർപ്രെറ്റേഷൻ ആണോ അതോ ശരിക്കും അങ്ങനെ വാചകങ്ങൾ അതിൽ ഉണ്ടോ എന്ന് നോക്കണം എന്ന് തോന്നി. പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോഴും ഈ കാലത്തും ഇങ്ങനെ ഒരു ഇന്റെർപ്രെറ്റേഷൻ ഉണ്ടാകാൻ സാധ്യത ഉണ്ടോ അതോ ഇവിടെ മാറാത്തതാണോ.

"ആ ചേച്ചിക്ക് ദേഷ്യം വന്നു കാണുമല്ലേ, ഇത്രയും പ്രാവശ്യം ഇത് പറഞ്ഞപ്പോൾ? എനിക്കാണെങ്കിൽ തോന്നിയേനേ."

അവർ കുഞ്ഞിലേ കേൾക്കുന്നതായിരിക്കും ഇത്. ഇപ്പോൾ പ്രത്യേകിച്ച് ദേഷ്യം വരാൻ ചാൻസ് ഇല്ല. ഒന്നുകിൽ അഡ്ജസ്റ്റഡ് ആയി, അല്ലെങ്കിൽ മിണ്ടാതെ സഹിക്കാൻ പഠിച്ചു. 

"ഒരു കാര്യം കൂടെ ശ്രദ്ധിച്ചോ. ഭർത്താവിന്റെ വെഡിങ് വൗ "നിന്നെ സുഖത്തിലും ദുഖത്തിലും പോറ്റാം" എന്നും ഭാര്യയുടേത് "അങ്ങയെ അനുസരിച്ചും ബഹുമാനിച്ചും" എന്നും ആയിരുന്നു."

ഒരു പാസ്റ്റർ ഇക്കാലത്തെ ധാരാളം ശതമാനം ആളുകൾ ദാമ്പത്യ പ്രശ്നം അനുഭവിക്കുന്നതിനെ കുറിച്ച് പറഞ്ഞു. ഈ ഉപദേശം അവർ പാലിക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഈ ഒരു ഉപദേശം തന്നെ ആകാം മൂലകാരണം എന്ന് ഒരിക്കലും തോന്നാൻ വഴിയില്ല. അങ്ങനെ ഒരു പുനർചിന്ത ഉണ്ടായിരുന്നെങ്കിൽ എന്താകാമായിരുന്നു ആ സമൂഹത്തിലെ മാറ്റം.

ഇതെല്ലാം കഴിഞ്ഞു നന്ദി പറയാൻ ഒരാൾ വന്നു.

"24 വര്ഷങ്ങള്ക്കു മുന്നേ ഒരു മോളു ജനിച്ചു. അവൾക്കു തല ഇല്ലായിരുന്നു. ഇവിടെ ഒരു ആൺകുട്ടി ജനിച്ചു, അവനു എല്ലില്ലായിരുന്നു. ഇപ്പൊ അന്വേഷിച്ചപ്പോൾ ഇവിടെ അവൾക്കു പറ്റിയ ഒരു തല ഉണ്ടെന്നു കണ്ടു പിടിച്ചു. ഇതൊരു ശസ്ത്രക്രിയ ആയിരുന്നു ഉടലിനെ തലയോട് ചേർക്കാൻ. ശസ്ത്രക്രിയ വിജയമായി നടത്തി, നിങ്ങളെല്ലാം അതിനു സാക്ഷ്യം വഹിച്ചു."

No comments:

Post a Comment

goldenrod

I had attempted a word puzzle (Strands) last night before sleeping. Clue was “Sun Shade” and first word at random that I got was Lemon. I th...