ചേച്ചി

"നിന്റെ അമ്മൂമ്മ ഒരു മിടുക്കി ആയിരുന്നു. ഞങ്ങൾ നാല് പേരേയും ചേച്ചി ഒരുക്കുമായിരുന്നു - മാച്ചിങ് ഡ്രെസ്സും പൊട്ടും ഒക്കെ തൊട്ട് . എനിക്കിച്ചിരെ കളർ കുറവായതു കാരണം അതിനനുസരിച്ചുള്ള ഡ്രസ്സ് ഒക്കെ എടുത്തു തരും. പണ്ടൊക്കെ എല്ലാം ചുവപ്പായിരുന്നു, അതായിരുന്നു ഫേവറിറ്റ് ."

"അപ്പൊ പിന്നെ അമ്മൂമ്മയെ ആര് ഒരുക്കും"

"അവളെ ഞാൻ ഒരുക്കുമായിരുന്നു.

അവള് എല്ലാം വാങ്ങിക്കാനൊക്കെ നല്ല സാമർഥ്യക്കാരിയായിരുന്നു. അവള് സാരി ഉടുക്കാറായപ്പോ അപ്പൂപ്പൻ അവളോട് നിനക്കെത്ര സാരി വേണം എന്ന് ചോദിച്ചു , അവള് പറഞ്ഞു പത്തെണ്ണം എന്ന്."

"എന്നിട്ടു പത്തു സാരി കിട്ടിയോ"

"പലപ്പോഴായി കിട്ടി. "

"ചേച്ചി എനിക്ക് എല്ലാം ചെയ്തു തരുമായിരുന്നു. സ്കൂളിൽ ഞാൻ എന്തെങ്കിലും മറന്നു വച്ചാൽ, ചേച്ചിയോട് പറഞ്ഞാൽ മതി - ഓഫീസിൽ പോയി അത് തപ്പി കണ്ടു പിടിച്ചു കൊണ്ട് വരും.

സ്കൂളിൽ യുവജനോത്സവം നടക്കുമ്പോ എന്നെ കൊണ്ട് പോയി എറ്റവും മുന്നിൽ സ്ഥലം കണ്ടു പിടിച്ചു ഇരുത്തും. അവിടെ സീറ്റ് ഒന്നും ഉണ്ടാവില്ല, എന്നാലും ചേച്ചി എങ്ങനെയെങ്കിലും കണ്ടു പിടിക്കും. എന്നിട്ടു പറയും തീരുന്നതു വരെ ഇവിടെ ഇരിക്കണം, ഞാൻ വന്നു വിളിക്കാം. എന്നിട്ടു ചേച്ചി കൂട്ടുകാരുടെ കൂടെ പോകും.

ഒരിക്കെ എനിക്കസുഖം വന്നപ്പോ ഞാൻ അമ്മയോട് പറയുമായിരുന്നു, ചേച്ചി ഇപ്പൊ ഇവിടെ ഉണ്ടായിരുന്നെങ്കിൽ കൂടെ വന്നിരുന്നു കരഞ്ഞേനെ എന്ന്."

"പിന്നെ, കരയാനാ കൂട്ട് വേണ്ടെ ..

ഇവളും കണക്കിൽ ഒരു മിടുക്കി ആയിരുന്നു. അവളുടെ ഓഫീസിലെ ഒരാളെ പ്രൊമോഷൻ ടെസ്റ്റിന് പഠിപ്പിച്ചത് അവളായിരുന്നു. "

"അയാൾ ലെവൽ 4 ആയിട്ടാ റിട്ടയർ ചെയ്തത്. ഞാൻ പിന്നെ പ്രൊമോഷൻ വേണ്ട എന്ന് തീരുമാനിച്ചത് കാരണം, ക്ലാർക്ക് ആയിരുന്നല്ലോ - അവസാനം ഒക്കെ ബുദ്ധിമുട്ടായിരുന്നു മോളെ.. എപ്പോഴും കാഷിൽ ആയിരുന്നു.. കഷ്ടപ്പെട്ട് പോയി. "

"ഞാനാ ഇവരെ ഒക്കെ കണക്കു പഠിപ്പിച്ചത്.

അപ്പൂപ്പന് ഇംഗ്ലീഷിൽ ആയിരുന്നു മിടുക്ക്. ഷേക്‌സ്‌പിയർ ഒക്കെ കാണാതെ പറയുമായിരുന്നു. അപ്പൂപ്പന്റെ കേസ് വിസ്താരമൊക്കെ കേൾക്കാൻ ഒരുപാട് പേര് വരുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. കൊച്ചു മോൾ അത് കേൾക്കാൻ ഒരിക്കൽ കൊണ്ട് പോകണമെന്ന് പല പ്രാവശ്യം പറയുമായിരുന്നു. കൊണ്ട് പോകാമെന്നു പറയും, നടന്നില്ല.

അവൾക്കു അഡ്വക്കേറ്റ് ആകണമെന്നാഗ്രഹം ഉണ്ടായിരുന്നു. അപ്പൂപ്പന് അത് താല്പര്യമില്ലായിരുന്നു. പെണ്ണുങ്ങൾ അങ്ങനത്തെ ജോലികള് ചെയ്യണ്ട എന്നായിരുന്നു."

 "പിന്നെ കേട്ടോ.. നിന്റെ അമ്മൂമ്മ ആയിരുന്നു നമ്മളിൽ ആദ്യമായിട്ട് കാർ ഓടിക്കാൻ പഠിച്ചത്.

കല്യാണം കഴിഞ്ഞതോടു കൂടി പിന്നെ ഒതുങ്ങി പോയി. ആ വീട് വിട്ടു പിന്നെ ഒരു കാര്യവും ഇല്ലായിരുന്നു."

No comments:

Post a Comment

goldenrod

I had attempted a word puzzle (Strands) last night before sleeping. Clue was “Sun Shade” and first word at random that I got was Lemon. I th...