ഇന്നത്തെ വൈകുന്നേരം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ മുന്നിൽ ആയിരിക്കും എന്ന് പ്രതീക്ഷിച്ചതല്ല. അല്ലേലും ജീവിതം മാറുന്നത് ഇങ്ങനെ ആണല്ലോ. ഒരു അവാർഡ് ഫിലിം പോലെ ഇഴഞ്ഞു നീങ്ങുകയും പിന്നെ ഒരു ഹൊറർ ഫിലിം പോലെ പെട്ടെന്ന് പേടിപ്പിക്കാൻ ശ്രമിക്കുകയും.
പഴയ കൊട്ടാരത്തിന്‍റെ ഭാഗമായ കെട്ടിടത്തിലെ ആശുപത്രി. തടിയിലെ കോണിപ്പടിയും, പല ഭാഗങ്ങിലായി ചിതറിയ റിസപ്ഷനും ഫാര്‍മസിയും ഒക്കെ. ഈ ഫിലിമിൽ വന്നു പോകുന്ന കഥാപാത്രങ്ങളെ കണ്ടൂ കൊണ്ടിരിന്നു സമയം പോക്കി. എന്തൊക്കെ കഥകളിൽ കൂടെ ആയിരിക്കും അവരെല്ലാം പോയ്കൊണ്ടിരിക്കൂനത്.
വരുന്ന വഴിക്ക് ഒരു കുട്ടി തിടുക്കത്തില്‍ നടന്നു പോകുന്നത് കണ്ടായിരുന്നു. നീണ്ട ഒരു കയറ്റമാണ് ആശുപത്രിയിലേക്ക്. ഫോണില്‍ സംസാരിച്ചു കൊണ്ടാണ് നടക്കുന്നത്, ഇരുട്ടത്ത് ഒറ്റയ്ക്ക് പോകാനുള്ള ധൈര്യത്തിനാവണം ഫോണ്‍. അതേ സ്പീഡില്‍ വന്നു അറ്റെണ്ടന്‍സ് വച്ചിട്ട് ഡ്യൂട്ടിക്ക് കയറുന്നു.
രണ്ടു പേര് ഇടക്കിടക്ക് പല കസേരകളും ഇരിക്കുകയും എമർജൻസി റൂമിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. വെള്ള മുണ്ടുടത്ത, സാൾട്ട് ആൻഡ് പെപ്പർ മുടിയുള്ള ഒരാള്‍. ഗൾഫിൽ കുറെ കഷ്ടപ്പെട്ടിട്ടും വലിയ നേട്ടമൊന്നും ഉണ്ടാക്കാതെ, ആരോഗ്യം ക്ഷയിച്ചപ്പോ നാട്ടിലേക്ക് തിരിച്ചു വന്ന പലരില്‍ ഒരാള്‍ ആവണം. ഒരായുസ്സിലേക്കുള്ള ക്ഷീണം മുഖത്തുണ്ട്. എൻ്റെ മുഖത്തേക്ക് ഒരു പരതി നോട്ടം നോക്കി. അയാളുടെ കൂടെ ഉള്ള ആൾ, ലുങ്കിയും ഷർട്ടും വേഷം, ഒരു ബാക്ക് പാക്ക് കുട്ടികൾ ഇട്ടക്കുന്ന പോലെ പുറകിൽ ഉണ്ട്. ഇരിക്കുന്നതും നടക്കുന്നതും എല്ലാം അതുമായി. ഭയങ്കര റസ്റ്റ്‌ലസ്സ്.
കോവിഡ് നിരക്കുകള്‍ എഴുതിയ ബോര്‍ഡ് തൂക്കിയിട്ടുണ്ട് ഇ.ആര്‍ ന്‍റെ മുന്നില്‍. ഐസിയു നു എണ്ണായിരത്തിൽ ചില്വാനം ദിവസം, വെന്റിലേറ്റർ വേണമെങ്കിൽ ഡബിൾ.
വെള്ള പിപിഇ കിറ്റിട്ട അറ്റൻഡർ ഒരു സ്ത്രീയെ ഡിസ്ചാർജ് കഴിഞ്ഞു വീൽ ചെയറിൽ പുറത്തേക്കു കൊണ്ട് പോകുന്നു. അവരുടെ മടിയിൽ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് ഉപയോഗിച്ച സാധനങ്ങൾ കൂട്ടി വച്ചിരിക്കുന്നു. കാർ വന്ന് അവരെ പിക്ക് ചെയ്തു. ആരും കൂടെ നിൽക്കാൻ പാടില്ലാത്ത കാരണം, ഇപ്പോഴാവും അവർ ഉറ്റവരെ കണ്ടത്.
രഞ്ജിത് എന്ന പേരെഴുതിയ ടീഷർട് ആണ് ആദ്യം കണ്ടത്. മരണത്തിന്റെ അനൗൺസർ പോലെ. ആ പേര് മൊബൈൽ മോർച്ചറിയിലും ആംബുലൻസിലും കണ്ടു പരിചയം ഉണ്ട്.തീരെ മെലിഞ്ഞു വാരിയെല്ലുകൾ എഴുന്നു പുറത്തു കാണുന്നു. ഈ ജോലി ആണോ ആവോ അയാളെ ഇങ്ങനെ ചവച്ചു തുപ്പുന്നത്. അയാൾ ഒരു ഗ്രൂപ്പിന്റെ അടുത്ത് പോയി ഫ്രീസർ വേണോ വേണ്ടയോ എന്നതിനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നു. നാളെ രാവിലെ തന്നെ ആണെങ്കിൽ വേണ്ട അത്രേ. അവര് ശാന്തികവാടത്തിൽ സമയം ബുക്ക് ചെയ്തു കഴിഞ്ഞു. ഡിസ്ചാർജിനായി പല ഫോമുകൾ പൂരിപ്പിക്കുന്നു. എല്ലാരും വളരെ പ്രാക്ടിക്കലായി സംസാരിക്കുന്നു. അവർക്കിത് ഒരു മുൻവിധി പോലെ പൊരുത്തപ്പെടാൻ കഴിഞ്ഞോ അതോ അയാൾ ഒരു ഒറ്റയാനായിരുന്നോ. കുറച്ചു നേരം കഴിഞ്ഞു തൂവെള്ള പുതച്ചു തള്ളവിരൽ കൂട്ടിക്കെട്ടിയ ആളെ പുറത്തേക്ക് കൊണ്ട് പോയി.
രണ്ട് പെൺകുട്ടികൾ ഒരു വേവലാതിയുമില്ലാതെ നടന്നു പോയി ഇ. ആർ. ൽ കയറി. ഒരാൾ ആരെയോ വീഡിയോ കാൾ ചെയ്യുന്നു. മറ്റേ കുട്ടി അലസമായി ഡ്രസ്സ് ചെയ്തിരിക്കുന്നു, ചുമക്കുന്നുണ്ട് മാസ്കിലേക്ക്. ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും ഇപ്പൊ വീഴും എന്ന രീതിയിൽ ഒരു ഫോൺ കിടപ്പുണ്ട്.
നൈറ്റിയിട്ട ഒരു സ്ത്രീയെ ഒരാൾ കൊണ്ട് വന്നു. അവർക്കിത് പരിചയം ആണെന്ന് തോന്നുന്നു. ഒരു ഫയൽ നിറയെ മെഡിക്കൽ റെക്കോർഡ്‌സ് ഉണ്ട്. കുറച്ചു കഴിഞ്ഞു അവരുടെ മോൻ വന്നു. "മുടിയനായ" പുത്രൻ. മൊബൈലിൽ ആണ് ശ്രദ്ധ.
ഞാൻ പുറത്തേക്കിറങ്ങുമ്പോൾ നെറ്റിയിൽ നീണ്ട ഭസ്മക്കുറിയും, ചുവന്ന പൊട്ടും, നീണ്ട മുടി പോണിടൈൽ കെട്ടിയ ഒരു ആജാനബാഹു ആർക്കോ ഫോണിൽ വഴി പറഞ്ഞു കൊടുക്കുന്നു. ഏതോ മതരാഷ്ട്രീയ നേതാവിന്റെ ശിങ്കിടിയെ പോലുണ്ട്. ഒരു എവറെഡി ബണ്ണിയെ പോലെ ഒരു കുട്ടി ഓടി വരുന്നു അയാളുടെ അടുത്തേക്ക്, രണ്ടു വൈരുധ്യമുള്ള ആൾക്കാർ.
അങ്ങനെ എത്ര പേര്. ഫാർമസിയിൽ ഇരുന്നു വീഡിയോ കണ്ടു സമയം കളയുന്ന ആൾ, കുടിച്ചു ചീർത്ത പോലത്തെ മുഖം. ഓരോരുത്തരെയും ആംബുലൻസിൽ നിന്ന് പുറത്തേക്കും അകത്തേക്കും എടുക്കുന്ന അറ്റൻഡർമാർ, അതിനിടക്ക് റഹ്മാന്റെ പാട്ടു കേൾക്കുകയും, ഷൂവിന്റെ അടി മുതൽ കൈമുട്ട് വരെ സാനിടൈസ് ചെയ്ത് അടുത്ത ആൾക്കായി കാക്കുന്നു. വിരലിൽ തൂങ്ങി ആടുന്ന കുഞ്ഞിനേയും കൊണ്ട് ബീച്ചിൽ കൂടെ നടക്കുന്ന ലാഘവത്തിൽ പോകുന്ന ഫാമിലി. പല പ്രായങ്ങൾ,വേഷങ്ങൾ, ഭാവങ്ങൾ.
ഇപ്പൊ ആൾക്കാരുടെ പാറ്റേൺ റെക്കഗ്നിഷനിൽ എൻ്റെ പ്രാവീണ്യം കൂടിക്കൊണ്ടിരിക്കുന്നു. ഒരേ ഭാവങ്ങളുള്ള, ഒരേ താളത്തിൽ സംസാരിക്കുന്ന, ഒരേ വേഗത്തിൽ നടക്കുന്ന ആൾക്കാരെ മനസ്സിൽ മാച്ച് ചെയ്യുന്നു. ചില ബാഹ്യമായ സാമ്യങ്ങൾ ആശ്ചര്യപ്പെടുത്തും. പക്ഷെ ഓരോരുത്തർക്കും ഓരോ കഥ പറയാൻ കാണും.