ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ വായിച്ചു. മുറിവുകൾ ഉണക്കുന്ന, ജീവിതത്തിന്റെ യാഥാർഥ്യത്തിൽ നിന്ന് രക്ഷപെടാൻ സഹായിക്കുന്ന ഒന്നല്ലായിരുന്നു ഇത്. അടുത്തെങ്ങും എന്തെങ്കിലും വായിച്ചു കണ്ണ് നിറഞ്ഞിട്ടില്ല. എന്നാലും വായിച്ചിരിക്കേണ്ടതു തന്നെ, പലതും ഇടയ്ക്കു ഓർക്കുന്നതിനും ഓർമിപ്പിക്കുന്നതിനും വേണ്ടി. ജാതി മത വർഗ വിവേചനങ്ങൾ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരിക്കലും മാറാത്ത മുറിവുകളും വ്രണങ്ങളും വാക്കുകളിൽ വരച്ചു വെച്ചിരിക്കുന്നു.
ഞാൻ ഒരു ഒറ്റപ്പെട്ട പ്രൊഫഷനിലാണ്, IT ഇൽ. എന്റെ കമ്പനിയിൽ ആരും ആരെയും സാർ എന്ന് വിളിക്കുന്നില്ല. ആരും ഓച്ഛാനിച്ചു നിൽക്കേണ്ടി വരുന്നില്ല. അധികാരാവകാശം ചുരുക്കമേ കാണാറുള്ളൂ. ഒരുതരം കൊക്കൂണിലാണ് ജീവിക്കുന്നതെന്ന് പലപ്പോഴും തോന്നും. ശരിക്കുള്ള പുറം ലോകത്തു ഇനി ഇറങ്ങേണ്ടി വന്നാൽ അതിനെ അതിജീവിക്കാൻ പറ്റിയെന്നു വരില്ല. ചിലപ്പോ അതൊരു കണ്ണടച്ചിരുട്ടാക്കലാകാം, അല്ലെങ്കിൽ ഒരു തരം നിഷ്കളങ്കത.
എന്റെ കൂട്ടുകാരും വീട്ടുകാരും പലപ്പോഴും സംവരണത്തെ പറ്റി രോഷാകുലരാവാറുണ്ട്. ജാതി മത സംവരണത്തിന് പകരം സാമ്പത്തിക സംവരണം കൊണ്ട് വരണമെന്നും, ഉന്നതജാതിയിലുള്ള കുട്ടികൾ വാങ്ങിക്കേണ്ട മാർക്കും സംവരണം ഉള്ള കുട്ടികളുടെ മാർക്കും തമ്മിലുള്ള താരതമ്യവും, ഇങ്ങനെ ഉള്ള ആളുകൾ ജോലിയിലേക്ക് കയറിയാലുള്ള നിലവാരത്തിന്റെ ഇടിവും മറ്റും.
ഇതിലെ ധർമപാലൻ IAS ഇന്റർവ്യൂവിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറയുന്നു.
"ന്യായം എന്ന് വച്ചാലെന്താണ്? വെറും നിയമങ്ങളും സമ്പ്രദായങ്ങലുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്ന് പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മം ഉണ്ടായിരിക്കണം. ധര്‍മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്. "
മുന്നിൽ നിൽക്കുന്നവർക്കുള്ള ആരംഭനേട്ടം അവർക്കു മനസ്സിലാകില്ല. ഞാൻ ഈ ഇടയ്ക്കു വായിച്ചു, കൂട്ടുപലിശ (compound interest) ആണ് മുന്നേറാനുള്ള വളരെ എളുപ്പമുള്ള മാർഗം എന്ന് - അത് സമ്പത്തിന്റെ കാര്യത്തിലായാലും, അറിവിന്റെയോ, അവസരങ്ങളുടെയോ, ബന്ധങ്ങളുടെയോ കാര്യത്തിലായാലും. അതേ സമയം മുന്നിലുള്ളവരെ എപ്പോഴും മുന്നിലും പുറകിലായവരെ ആഴത്തിൽ മുങ്ങി പോകാനും അത് തന്നെ കാരണമാകും.
വിവേചനങ്ങളുടെ വേദന അനുഭവിക്കാത്തവർക്ക് അത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. തലമുറകളോളം അതനുഭവിച്ച്, അതിജീവിക്കാനുള്ള വഴികൾ കുഞ്ഞിലേ കുട്ടികളെ പഠിപ്പിക്കുന്നു. ചെറുപ്പത്തിൽ ആ വേലികൾ തകർക്കാൻ ശ്രമിക്കുന്ന ചുരുക്കം ചിലരും കാലക്രമേണ പരാജയപ്പെട്ട്, തകർന്ന മനുഷ്യരായി ശിഷ്ടജീവിതം തള്ളി നീക്കുന്നു. "ജാത്യാലുള്ളത് തൂത്താൽ പോവില്ല" എന്നും മറ്റും അവരെ പറഞ്ഞു പഠിപ്പിക്കുന്നു. സമുദായത്തിന്റെ അതിരുകളിൽ ജീവിക്കുന്നവർ കഴിവില്ലാത്തത് കൊണ്ടോ അത് വിധിയായി എടുത്തത് അതിനോട് പൊരുത്തപ്പെട്ടതു കൊണ്ടോ അല്ല അവർ അവിടെ തന്നെ നിൽക്കുന്നത്, അത് സമഗ്രമായ അടിച്ചമർത്തൽ തന്നെയാണ്.
ഞാൻ കുഞ്ഞിലേ വിചാരിച്ചിരുന്നു എന്റെ തലമുറയായിരിക്കും ഇതൊക്കെ തച്ചുടക്കാൻ പോകുന്നതെന്ന്. എന്റെ കൂടെ കളിച്ചും പഠിച്ചും വളർന്നു വന്നവർക്ക് ഒരിക്കലും പഴയ രീതികളിലേക്ക് പോകാൻ പറ്റില്ല എന്ന് ആത്മാർത്ഥമായി, നിഷ്കളങ്കമായി വിചാരിച്ചിട്ടുണ്ട്. അത് ഒരു ആഗ്രഹം അല്ല, വിശ്വാസം ആയിരുന്നു. അത് മൂഢത്വം ആയിരുന്നെന്നു മനസ്സിലാക്കാൻ അധികം താമസിച്ചില്ല. ഒരു മാറ്റവും വന്നില്ല. നൂറു കണക്കിനു വർഷങ്ങൾ കൊണ്ട് നടന്നു വന്നിരുന്ന രീതികൾ അങ്ങനെ തന്നെ തുടരാനുള്ള സംവിധാനങ്ങൾ സമുദായത്തിന്റെ പല തലങ്ങളിലും സുശക്തമാണ്.
ഇത് മനപ്പൂർവം ദുഷ്ടലാക്കാക്കി എല്ലാ സവർണരും കൂടെ ചേർന്ന് ചെയ്യുന്ന ഒരു സമഗ്രപദ്ധതി ആണെന്നല്ല. അവരുടെ ലോകം വേറെയാണ്. ജീവിത സാഹചര്യങ്ങളും, കാഴ്ചപ്പാടും, യാഥാർഥ്യങ്ങളും വേറെയാണ്. അവർക്കുള്ളത് പരിപാലിക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നവും ആണ്. കാരുണ്യം അല്ല വേണ്ടതും. Racial discrimination നെ കുറിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന ചർച്ചകൾ കാണുമ്പോഴും, post racial society എന്ന് പറയുമ്പോൾ പോലും ഇന്നും നടക്കുന്ന sophisticated വിവേചനം കാണുമ്പോഴും ഇതൊന്നും നമ്മുടെ നാട്ടിലില്ല എന്ന് പലരും പറയും. പക്ഷെ നമ്മുടെ നാട്ടിൽ ഇന്നും നടക്കുന്ന ജാതി, മത, ലിംഗ, വർഗ വിവേചനങ്ങൾ കണ്ടെന്നു നടിക്കുന്നില്ല. അതിനു ന്യായീകരണങ്ങൾ നിരത്തും. അനുഭവിച്ചേ അറിയൂ എന്ന് പറയാൻ വയ്യ. അബോധമായ പക്ഷപാതങ്ങൾ ഉണ്ടെന്നെങ്കിലും അറിയാനും, അനുഭവിച്ചില്ലെങ്കിലും ഇത് അതിശയോക്തി ആണെന്ന് പറഞ്ഞു തള്ളികളയാതെ, മറ്റൊരാളുടെ കണ്ണിൽ കൂടി അത് കാണാനെങ്കിലും ശ്രമിക്കണം.
No comments:
Post a Comment