ഹമാം പുളി

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു വൈകുന്നേരം. കുസൃതി ചോദ്യങ്ങൾ ചോദിച്ചു സ്റ്റോക്ക്‌ തീര്ന്നു. Dumb charades കളിച്ചു മടുത്തു. ചക്കി അമ്മൂമ്മയോട് എന്തേലും പഴയ കാര്യം പറയാൻ പറഞ്ഞു. അമ്മൂമ്മക്ക് ആദ്യം മടി. എല്ലാം പറഞ്ഞു കഴിഞ്ഞത് ആണത്രേ. ഈ ഇടയ്ക്കു നടന്ന എന്തോ ഒന്ന് പറയാൻ തുടങ്ങി. "81 വയസ്സിലതു പോരാ, പഴയതു വേണം" എന്നായി. 5-6 വയസ്സ് വരെ നടന്നത് ഒന്നും ഓർമ ഇല്ല എന്ന് അമ്മൂമ്മ. ഇവിടെ 5-6 ദിവസത്തിന് മുൻപ് നടന്നത് ഓർമ ഇല്ല അപ്പോഴാ. എന്നാൽ പിന്നെ ആറര വയസ്സിലെ വിശേഷം ആയിക്കോട്ടേ എന്നായി ഞങ്ങൾ.

അമ്മൂമ്മ തുടങ്ങി. "ആ പ്രായത്തിൽ എന്റെ അച്ഛന് മങ്കൊമ്പിൽ ആയിരുന്നു ജോലി..".
ഞാൻ - "അതെന്താ പ്ലാക്കൊമ്പ് ഇല്ലായിരുന്നോ ". ചളു അടിക്കാനുള്ള ഒരു ശ്രമം.
ചക്കി ഉടനെ - "Pause, Pause.." ഒരു marker എടുത്ത് board ഇൽ പോയി എഴുതി ഇട്ടു - "He is trying to win 1st prize for Comedy" ചളു അടിക്കാൻ പഠിപ്പിച്ചത് ഞാൻ ആണെന്നും അതിനു എനിക്ക് ഗുരു ദക്ഷിണ പോലും തന്നിട്ടില്ല എന്നു പരാതി പറഞ്ഞിതിനുള്ള reaction.

"ഒരു ആറിൻറെ അപ്പുറത്തായിരുന്നു സ്കൂൾ. ഒരു തോണിയിൽ കയറി വേണം പോകാൻ. പെരിയാർ ആയിരുന്നു എന്ന് തോന്നുന്നു അത്"
ഭാരതപുഴ ആണോ എന്ന് ഞാൻ ഒന്ന് ചോദിച്ചു, ചുമ്മാ.
"ഏയ്, അതങ്ങ് വടക്കല്ലെ" എന്ന് അമ്മൂമ്മ. അതെങ്ങനാ, തെക്കേതാ വടക്കേതാ എന്നറിയാത്ത നമ്മളോടാ കളി. ഭാരതപുഴ കേരളത്തിലേ അല്ല എന്നായി ചക്കി.

"മഴ പെയ്യുമ്പോ അവിടെല്ലാം അങ്ങ് വെള്ളം നിറയും. തോണി ഇല്ലാതെ എങ്ങോട്ടും പോകാൻ പറ്റില്ല. മഴയത്തു അങ്ങ് മലയിൽ നിന്ന് ഒടിഞ്ഞ മരങ്ങളും കമ്പുകളും ഒക്കെ ഇങ്ങു ഒഴുകി വരും. കൂടെ ചത്ത മൃഗങ്ങളും. ആ വെള്ളമാ എല്ലാവരും കുടിക്കാനും ഒക്കെ ഉപയോഗിക്കുന്നത്. ഒരു ദിവസം സ്കൂളിൽ ഉച്ചക്ക് കഴിച്ചിട്ട് എല്ലാവരും കൂടെ ആ ആറിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. അതിനു അടുത്തു പൊട്ടക്കൊട്ട എന്ന് പറഞ്ഞു പട്ടന്മാരു താമസിക്കുന്ന കുറെ വീടുകൾ ഉണ്ടായിരുന്നു. പേര് കേട്ട ഒരു കൂട്ടരാ. എന്റെ അച്ഛൻ അതിലെ ഒരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അയാള് വിളിച്ചു കാണിച്ചു കൊടുത്തു അച്ഛനെ. ദേ അത് നിങ്ങളുടെ മോളല്ലെ. ഇനി മേലിൽ വെള്ളം വേണമെങ്കിൽ ഇവിടെ വന്നു ചോദിയ്ക്കാൻ പറയണം എന്ന് പറഞ്ഞു വിട്ടു. അതിനു ഞാൻ വഴക്ക് കേട്ടു."

"അന്ന് ഞാൻ അധികം ഒന്നും സംസാരിക്കാറില്ലായിരുന്നു. തൊട്ടാവാടി എന്നായിരുന്നു എന്നെ പിള്ളേര് വിളിച്ചിരുന്നത്."
"പിന്നെ എന്നാ സംസാരിച്ചു തുടങ്ങിയത്?" - അങ്ങനെ അങ്ങ് വിടാൻ പറ്റുമോ.
"ഒന്നും സംസാരിക്കാറേ ഇല്ലാത്ത ഒരാള്" - ചക്കി.
"നിന്റെ വലിയ വായിലെ സംസാരം ഒന്ന് നിർത്തിക്കാനാ പാട്". ഇപ്പോഴത്തെ പിള്ളേരേ.

"അന്ന് എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഇന്ദിര എന്നായിരുന്നു പേര്. ഒരു ഡോക്ടരുടെ മോളാ. സ്കൂളിൽ ഒരു പുളി മരം ഉണ്ടായിരുന്നു, നിറയെ പുളി പിടിച്ചു നിക്കും അതില്, താഴെയും വീണു കിടക്കും. ഇന്ദിര ആ പുളി പെറുക്കി എടുക്കും തിന്നാൻ. ഹമാം എന്ന് പറയുന്ന സോപ്പ് മൂന്നെണ്ണം വാങ്ങിക്കുമ്പോ ഒരു പെട്ടി കിട്ടും. അവൾ അതിൽ പെൻസിൽ ഒക്കെ ഇട്ടു കൊണ്ട് വരും. ഒരു ദിവസം അവൾ അതിൽ പുളി ശേഖരിച്ചു വച്ചു. ക്ലാസ്സിൽ ആരോ തട്ടി ആ പെട്ടി താഴെ വീണു, എല്ലാവരും കണ്ടു അതിൽ എന്താന്ന്. അന്ന് മുതൽ അവളെ "ഹമാം പുളി" എന്നാ വിളിക്കുന്നത്."

അങ്ങനെ പോയി കഥകൾ. സ്കൂളിലെ ഓട്ട മത്സരത്തിൽ ലാസ്റ്റ് വന്നതും, ഹിന്ദി സാർ വളരെ വർഷങ്ങൾ കഴിഞ്ഞു കണ്ടപ്പോഴും ഒര്ത്തതും ഒക്കെ.. കഴിക്കാൻ നേരം ആകുന്നതു വരെ. 

No comments:

Post a Comment

goldenrod

I had attempted a word puzzle (Strands) last night before sleeping. Clue was “Sun Shade” and first word at random that I got was Lemon. I th...