മടി

ഈ ആണുങ്ങള്‍ എല്ലാം മടിയന്മാരാ അല്ലേ?” അമ്മൂമ്മയുടെ ചോദ്യം ഓര്‍ക്കാപ്പുറത്ത്..

അമ്മൂമ്മേ.. എന്നെ പറ്റിയും അങ്ങനെ പറയാന്‍ പറ്റുമോ?”

ഒരു കാര്യം ചെയ്യിപ്പിക്കാന്‍ അഞ്ചു പ്രാവശ്യം വിളിക്കണം, ഓര്‍മിപ്പിക്കണം, എന്നാല്‍ പോലും എന്തു ബുദ്ധിമുട്ടാ”.. ഭാര്യ, മോള്‍ അമ്മൂമ്മ – എതിര്‍ഭാഗം സുശക്തം.. വീട്ടില്‍ മൂന്നു സ്ത്രീകള്‍, മൃഗീയ ഭൂരിപക്ഷം, സമ്മതിക്കുകയേ നിവൃത്തി ഉളളൂ.
--------------
ഞാനും അമ്മൂമ്മയും മാത്രം അവശേഷിച്ച രണ്ടു പ്ലാസ്റ്റിക്‌ കസേരകളില്‍ ഇരിക്കുകയായിരുന്നു. അമ്മൂമ്മയുടെ നാലാമത്തെ മോള്‍, സുജാത, ഒരു മാസത്തെ അവധി കഴിഞ്ഞ് യുഎസിലേക്ക് തിരിച്ചു പോകാന്‍ പോകുന്നു. അവരെ യാത്ര അയക്കാന്‍ അവരുടെ ഫ്ലാറ്റില്‍ പോയതാ.  

കുഞ്ഞമ്മ ചുരിദാര്‍ മാറ്റി ജീന്‍സും ടോപ്പും ആക്കിയിരുന്നു. ചക്കി പറഞ്ഞു കുഞ്ഞമ്മ വന്നു കഴിഞ്ഞു ചുരിദാറില്‍ ആയപ്പോ ഒരു സര്‍പ്രൈസ് ആയിരുന്നു, ഇപ്പൊ തിരിച്ചു മാറിയപ്പോ പിന്നേം വിചിത്രം ആയി തോന്നുന്നു എന്ന്. 

അമ്മൂമ്മ കുഞ്ഞമ്മയുടെ മുടി ഉള്ള ഫോട്ടോയെ കുറച്ചു എന്തോ പറഞ്ഞു. എന്തോ ആവശ്യതിനായിട്ടു മുടി ഉള്ള ഫോട്ടോ കൊടുത്തപ്പോ, അവര്‍ ലേറ്റസ്റ്റ് ഫോട്ടോ ചോദിച്ചു അത്രേ. കുഞ്ഞമ്മ ഇന്‍സ്റ്റന്റ് ആയിട്ട് പറഞ്ഞു മുടി വെട്ടിയത് ഇന്നലെയാണെന്നു.. പുള്ളിക്കാരി അത്ര ഷാര്‍പ് ആണ്. 

അതാ പറഞ്ഞു വന്നത്. അമ്മൂമ്മയ്ക്ക് അഞ്ചു പെണ്‍കുട്ടികളായിരുന്നു. മിടുക്കികളായ അഞ്ചു പേര്‍. ഒരാള്‍ ഡോക്ടര്‍, ഒരാള്‍ VSSC ഇല്‍ എഞ്ചിനീയര്‍, ഒരാള്‍ ബാങ്കില്‍. Strong Women. ജീവിതത്തില്‍ ഒരുപാട് സഹിച്ചും പൊരുതിയും വന്നവര്‍. 

സുജാത കുഞ്ഞമ്മ ആണെന്നു തോന്നുന്നു അമ്മൂമ്മയുടെ favorite. അപ്പൂപ്പന്‍ മരിച്ചു കഴിഞ്ഞുള്ള കുറെ വര്‍ഷം സുജാത കുഞ്ഞമ്മ ആയിരുന്നു അമ്മൂമ്മയുടെ കൂട്ട്. വളരെ നാള്‍ കഴിഞ്ഞ് യുഎസില്‍ നിന്ന് ഒരു കല്യാണം വന്നു കുഞ്ഞമ്മ പോകുന്നത് വരെ. അത് കഴിഞ്ഞ് അമ്മൂമ്മ കുടുംബവീട് പൂട്ടി ഇറങ്ങി, ഇപ്പോള്‍ ഞങ്ങളുടെ കൂടെ. 
---------------
കുഞ്ഞമ്മ ഒരു ലിസ്റ്റ് നോക്കി ഓടി നടന്ന് ചെയ്യാനുള്ളതെല്ലാം തീര്‍ക്കുകയായിരുന്നു. furniture എല്ലാം പൊടി കേറാതിരിക്കാന്‍ പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ട് മൂടി. ഇപ്പൊ പാറ്റയും ഉറുമ്പും കേറാതിരിക്കാനായി അവിടെയും ഇവിടെയും അടക്കുന്നു. ഫ്ലാറ്റ് ഇനി ഒരു വര്‍ഷത്തേക്ക് അടച്ചിട്ടിരിക്കുകയായിരിക്കും. വളരെ efficient. 

ഇതൊക്കെ കണ്ടിട്ടാണ് അമ്മൂമ്മയുടെ ആണുങ്ങളുടെ മടിയെ കുറിച്ചുള്ള ചോദ്യം. 

ചക്കി പറഞ്ഞു "ചിറ്റപ്പന്‍ അവിടെ ബാഗിന്‍റെ weight നോക്കുവാ. ചിറ്റപ്പന്‍ വായിനോക്കി ഇരിക്കുവാന്നാണോ അമ്മൂമ്മ ഉദ്ദേശിച്ചത്" 

"എടീ അങ്ങനെ ഒന്നും പറയല്ലേ" എന്ന് പറഞ്ഞിട്ട് പക്ഷെ അമ്മൂമ്മ സുജാത കുഞ്ഞമ്മയുടെ ഗുണങ്ങള്‍ പറയാന്‍ തുടങ്ങി. എല്ലാരുടെയും കല്യാണത്തിനു കുഞ്ഞമ്മ ഇങ്ങനത്തെ ലിസ്റ്റ് ഉണ്ടാക്കിയതും, കല്യാണത്തിനു പോലും അപ്പൂപ്പന്‍റെ ഉടുപ്പ് തേച്ചു കൊടുക്കാന്‍ പറയുന്നതും. അഞ്ചു പെണ്മക്കളെ വളര്‍ത്താന്‍ ഉള്ള തിരക്കില്‍ അമ്മൂമ്മയ്ക്ക് സമയമില്ലാത്തപ്പോ മൂത്ത മക്കള്‍ എല്ലാം ചെയ്യുന്നതിനെ കുറിച്ചും ഒക്കെ. 
-----------------
പോകാന്‍ നേരം ആയി. കുഞ്ഞമ്മ അമ്മൂമ്മയെ കെട്ടിപിടിച്ചു. ഇനി ഒരു വര്ഷം കഴിഞ്ഞിട്ട് കാണാം. വിളിക്കാം എന്ന് പറഞ്ഞു. എന്നും വൈകുന്നേരം കുഞ്ഞമ്മ വിളിക്കും. ആ സമയം ആകുമ്പോ അമ്മൂമ്മ നോക്കി ഇരിക്കും. 

കാറില്‍ കേറി പുറത്തേക്ക് ഇറങ്ങിയപ്പോ ചക്കി പറഞ്ഞു അമ്മൂമ്മ ജനലില്‍ കൂടി നോക്കുകയായിരിക്കും എന്ന്. ഉണ്ടായിരുന്നു അവിടെ. ഒന്നൂടെ ടാറ്റാ പറയാന്‍. 

"ഇന്ന് വിഷമം കാണും. ഇന്ന് ഒന്ന് സംസാരിച്ചിരിക്കണേ. അമ്മൂമ്മയോട് മുന്നിലത്തെ മുറിയില്‍ വന്നിരുന്നു തയ്ക്കാന്‍ പറയണം. മോനോട് സംസാരിക്കാന്‍ അമ്മൂമ്മയ്ക്ക് ഇഷ്ടമാ." എന്ന്‍ എന്നോട് പറഞ്ഞേല്‍പ്പിച്ചു. 
-------------------

No comments:

Post a Comment

Podcasts - 2024

In 2024, I tried in small ways to “quantify my life”. Logging activities with Strava, books using Goodreads, songs in Spotify, good articles...