സ്പീച്ച്


രാത്രി 10:30 മണിക്ക്, ദിവസത്തെ എല്ലാ യുദ്ധങ്ങളും കഴിഞ്ഞ്, അവസാന തുള്ളി വരെ ഊറ്റി എടുത്ത കരിമ്പിന്‍തണ്ട് പോലെ വീട്ടില്‍ വന്നു കയറി. സോക്ക്സ് ഊരി ഇടുന്നതിനു മുന്നെ തന്നെ പിടിച്ചു.

“വാ, വാ, പറയട്ടെ” എന്തിനോ കാത്തിരിക്കുവാരുന്നു.

“ഇനി എന്തുവാ?”

“ഇന്ന്, ഇംഗ്ലീഷ് ടീച്ചര്‍ എന്നെ 8th ഇന്റെ ക്ലാസ്സിലേക്ക് വിളിച്ചു കൊണ്ട് പോയി. ഇന്നലെ പറഞ്ഞ ഇംഗ്ലീഷ് സ്പീച്ച് ഒന്നൂടെ പറയാന്‍ പറഞ്ഞു. ഞാന്‍ ടീച്ചറിനോട് ഒന്നൂടെ നോക്കിയിട്ട് പറഞ്ഞോട്ടേ എന്ന് ചോദിച്ചു. എന്റെ ക്ലാസ്സില്‍ പോയി, ഒന്ന് പറഞ്ഞു നോക്കിയിട്ട്, 8th ഇല്‍ തിരിച്ചു പോയി. ടീച്ചര്‍ ലാസ്റ്റ് ബെഞ്ചില്‍ പേപ്പര്‍ നോക്കുന്ന പോലെ ഇരുന്നു. ഇതാരാണെന്ന് അറിയാമോ എന്ന് ടീച്ചര്‍ ചോദിച്ചപ്പോ, കുറെ പേര്‍ പറഞ്ഞു, “ഗായത്രി, 6th സ്റ്റാന്‍ഡേര്‍ഡ്, റൂബി ഹൌസ്”. ഞാന്‍ സ്പീച് പറഞ്ഞുകഴിഞ്ഞപ്പൊ ടീച്ചര്‍ പറഞ്ഞു, “ഇത് 6th സ്റ്റാന്‍ഡേര്‍ഡ്ഇലെ കുട്ടിയാ, ഇങ്ങനെ വേണം സ്പീച് പറയാന്‍””

“എങ്ങനെ, എങ്ങനെ?”

“ഇത് 6th സ്റ്റാന്‍ഡേര്‍ഡ്ഇലെ കുട്ടിയാ, ഇങ്ങനെ വേണം സ്പീച് പറയാന്‍ എന്ന്”

“പിന്നെ, പിന്നെ. ഇങ്ങനെ പൊങ്ങി പോയാല്‍ നിന്റെ തല പോയി റൂഫില്‍ തട്ടും. കൂടുന്നുണ്ട്.”

“ചെയ്തിട്ടല്ലേ പറയുന്നത്” അമ്മൂമ്മ!!

“ആദ്യമായിട്ടാ അമ്മൂമ്മ എന്റെ സൈഡ് പിടിക്കുന്നത്‌”

രണ്ടു ദിവസം മുന്‍പേ, അടിയും ബഹളവും വച്ച് ഇംഗ്ലീഷ് സ്പീച് പഠിക്കുന്നത് കണ്ടിട്ട് ഞാന്‍ വഴക്കുണ്ടാക്കിയതാ. നമ്മളൊന്നും പഠിക്കുമ്പോ ആരും ഇത് പോലെ പുറകെ നടന്ന് പഠിപ്പിക്കാന്‍ വന്നിട്ടില്ലെന്നും, എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നുമൊക്കെ. അതിനു എല്ലാരും കൂടെ എനിക്ക് പണി തന്നതാ ഇത്.

“ഇതൊക്കെ എന്ത്. ഞാന്‍ ആറില്‍ പഠിക്കുമ്പോഴും ഇത് പോലെ ഇംഗ്ലീഷ് ടീച്ചര്‍ വേറൊരു ക്ലാസ്സില്‍ വിളിച്ചു കൊണ്ട് പോയി ആന്‍സര്‍ പറയിപ്പിച്ചിട്ടു കൈയ്യടി വാങ്ങിച്ചിട്ടുണ്ട്.” സത്യമായിട്ടും ആ രംഗം ഇപ്പോഴും മായാതെ മനസ്സിലുണ്ട്.

“എന്താ പറഞ്ഞത്”

“ഗ്രാമര്‍”

“ബെസ്റ്റ്. നല്ല ഗ്രാമ്മറാ. ഞാന്‍ 25 sentence ആണ് പറഞ്ഞത്.”

“അതില് വലിയ കാര്യമൊന്നുമില്ല.”

അങ്ങനെ അങ്ങനെ ദിവസം ഒന്ന് മെച്ചപ്പെട്ടു...

No comments:

Post a Comment

Podcasts - 2024

In 2024, I tried in small ways to “quantify my life”. Logging activities with Strava, books using Goodreads, songs in Spotify, good articles...