ആനഡോക്ടര്‍


“നൂറു സിംഹാസനങ്ങള്‍”ക്ക് ശേഷം ജയമോഹന്‍റെ “ആനഡോക്ടര്‍” വായിച്ചു. പല വരികളും, ഉപമകളും, മനുഷ്യന്‍റെ വികാരങ്ങളെ കൃത്യമായി വരച്ചു വച്ചിരിക്കുന്നത് പോലെ ഉണ്ട്.

Yuval Harari യുടെ Sapiens അടുത്തിടെ വായിച്ചു. ഇത് വരെ ഞാന്‍ കാര്യമായി ആലോചിച്ചിട്ടില്ലാത്ത പല ചോദ്യങ്ങളും ആ പുസ്തകം ഉന്നയിച്ചിരുന്നു. മനുഷ്യന്‍ പല മാറ്റങ്ങളിലൂടെ ഇവിടെ വരെ എത്തിയെങ്കിലും, നമ്മള്‍ ഈ ഭൂമിയിലെ രാജാക്കന്മാരായി സ്വയം അവരോധിക്കുകയും, നമ്മളെ പോലെ അല്ലാത്ത എല്ലാ മൃഗങ്ങളെയും കൊന്നു തള്ളിയും ഇനി എത്ര കാലം. ജീവിതം കൂടുതല്‍ അനായാസവും, കൂടുതല്‍ കാലം ജീവിക്കാനും പറ്റുന്നുണ്ടെങ്കിലും, കാട്ടില്‍ പണ്ടു വേട്ടയാടിയും മറ്റും മറ്റു മൃഗങ്ങളെ പോലെ ജീവിചിരുന്നപ്പോഴെക്കാളും സന്തോഷവും സമാധാനവും പോലും ഇപ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്നുണ്ടോ എന്നും.

ഇതും അങ്ങനെ ഒരു പുനര്‍ചിന്ത ഉണ്ടാക്കുന്നുണ്ട്. കുറച്ചു കൂടെ അടിസ്ഥാന വികാര വിചാരങ്ങളിലേക്കും പോകേണ്ടതുണ്ട്. ഇപ്പോഴത്തെ സങ്കീര്‍ണമെന്നു തോന്നുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും വെറും മിഥ്യാധാരണകള്‍ ആകാം. മനുഷ്യന്‍ ഒരു hunter gatherer animal ആയിരുന്നെന്നും, അന്ന് കാടിനെ കുറിച്ചും, മരങ്ങള്‍, പക്ഷി മൃഗാദികള്‍, കാലാവസ്ഥ അങ്ങനെ പലതിനെ കുറിച്ചും അവര്‍ക്കുണ്ടായിരുന്ന പല അറിവുകളും നമുക്കിന്നില്ല എന്നോര്‍ക്കുന്നത് ഇപ്പോഴത്തെ അഹങ്കാരത്തെ ഒന്ന് കുറക്കാന്‍ നല്ലതായിരിക്കും.

ഇതിലെ ഡോ. കെ യെപ്പോലുള്ള മനുഷ്യരെ ശരിക്കുള്ള ജീവിതത്തില്‍ അടുത്തറിയാന്‍ പറ്റിയാല്‍ അതൊരു വലിയ ഭാഗ്യമായിരിക്കും. ഇത് വായിച്ചു കഴിഞ്ഞാല്‍ കാടിനെ ഇനി പുതിയ കണ്ണില്‍ കാണാന്‍ തുടങ്ങും.

വേദനകളെ ശ്രദ്ധിക്കുന്നതുപോലെ ധ്യാനം മറ്റൊന്നില്ല. നമ്മളാരാണ്? നമ്മുടെ ബുദ്ധി, മനസ്സ് എന്നൊക്കെ പറയുന്നതു സത്യത്തില്‍ എന്താണ്? എല്ലാം നാമറിയും. വേദന എന്നാല്‍ എന്ത്? പതിവുള്ള രീതിയില്‍നിന്ന് ദേഹം തെല്ലു മാറുന്നു. അത്രതന്നെ. വീണ്ടും പതിവിലേക്കു മടങ്ങണം എന്ന് നമ്മുടെ മനസ്സ് കിടന്നുപിടയുന്നു. അതാണ്‌ ശരിക്കുള്ള വേദന. വേദനയെ ശ്രദ്ധിച്ചു തുടങ്ങിയാല്‍ തന്നെ പകുതി യാതന ഇല്ലാതാവും. വലിയ വേദനകളുണ്ട്. മരണത്തെക്കാള്‍ ക്രൂരമായവ. മനുഷ്യന്‍ വെറും കീടമാണെന്ന് കാട്ടിതരുന്നവയാണവ.

ഒന്ന് നിന്നു ശ്രദ്ധിച്ചാല്‍ ഏതു ഭയത്തെയും കടന്നു പോകാം. ഭയം, അറപ്പ്, സംശയം, വെറുപ്പ്‌ തുടങ്ങിയവയെ നാം ഒഴിവാക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ട് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. അശ്രദ്ധ അവയെ വളര്‍ത്തുന്നു.

നിന്‍റെ സ്നേഹം വെറും മോഹം. നിന്‍റെ സൗഹൃദം വെറും തട്ടിപ്പ്. നിന്‍റെ പുഞ്ചിരി കൃത്രിമം. നിന്‍റെ വാക്കുകളോ അര്‍ത്ഥശൂന്യം.

പലപ്പോഴും നാമറിയാത്ത കുറ്റബോധങ്ങളും നമുക്ക് ഊഹിക്കാനാവാത്ത ഗൃഹാതുരത്വങ്ങളുമാണ് മനുഷ്യരെ നല്ലവരാക്കുന്നത്. ഞാന്‍ അതില്‍ ചെന്ന് തൊടും.

ആഹ്ലാദിച്ചു ജീവിക്കുന്നവര്‍ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നാണ് ഞാന്‍ താങ്കളില്‍നിന്ന് പഠിച്ചത്.

ഉടന്‍ എന്തെങ്കിലും നടക്കും എന്ന്‍ എനിക്ക് അഭിപ്രായമില്ല. പക്ഷേ, നമ്മള്‍ ചെയ്യേണ്ടത് ചെയ്യണം. പറഞ്ഞു കൊണ്ടേയിരിക്കണം. എവിടെയോ ചലനമുണ്ടാകും. ഗാന്ധിയില്‍ നിന്ന് പഠിക്കേണ്ട പാഠം അതാണ്‌. വിശ്വസിക്കുക, വിട്ടുകൊടുക്കാതിരിക്കുക..   

No comments:

Post a Comment

Podcasts - 2024

In 2024, I tried in small ways to “quantify my life”. Logging activities with Strava, books using Goodreads, songs in Spotify, good articles...